തിരുവമ്പാടി: ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പുന്നക്കൽ വഴിക്കടവിലുള്ള നോയലിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. കുടുംബാംഗങ്ങൾ പുറത്തുപോയ സമയം നോക്കി വീടിന്റെ പൂട്ട് തകർത്താണ് സംഘം അകത്തുകടന്നത്. വീട്ടിലുണ്ടായിരുന്ന രണ്ടര പവൻ സ്വർണാഭരണങ്ങളും ഡിഎസ്എൽആർ കാമറയുമാണ് കവർന്നത്.
പ്രദേശത്തെ വിവിധ സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തിരുവമ്പാടി എസ്ഐ രമ്യയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത പ്രതിയെ കണ്ടെത്തിയത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന മറ്റ് നാലുപേരെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.